തിരുവനന്തപുരം: ആദ്യ ദിവസം ജി. സുധാകരൻ, ഇന്നലെ ടി.കെ. ഗോവിന്ദൻ മാസ്റ്റർ. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പഴയ സഖാക്കൾ കടിച്ചു കീറുന്പോൾ നിസഹായരായി കേട്ടിരിക്കാനേ വല്ലാതെ മെലിഞ്ഞു പോയി എന്നു നജീബ് കാന്തപുരം വിശേഷിപ്പിച്ച പ്രതിപക്ഷത്തിനു കഴിഞ്ഞുള്ളു. ഇതിനു പിന്നാലെ കടന്നു വന്ന യുവനേതാക്കളുടെ കടുത്ത കടന്നാക്രമണത്തെ പ്രതിരോധിക്കാൻ പ്രതിപക്ഷം വല്ലാതെ ബുദ്ധിമുട്ടി.
അടിസ്ഥാനവർഗത്തെ മറന്നതാണു സിപിഎമ്മിനേറ്റ തിരിച്ചടിയുടെ കാരണമെന്നു പറഞ്ഞ ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ന്യൂനപക്ഷ വർഗീയത അഴിഞ്ഞാടിയെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ചു. ബംഗാളിന്റെ അനുഭവം ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെയാണു ഗോവിന്ദൻ പ്രസംഗം അവസാനിപ്പിച്ചത്.
പോലീസിന്റെ ക്രൂരമായ അതിക്രമങ്ങൾക്കിരയായതിന്റെ പേരിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പലപ്പോഴും നിയമസഭയ്ക്കുള്ളിൽ തന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഈ സഭയിൽവന്നുനിന്നു പ്രസംഗിക്കാൻ കഴിയുമെന്നു കരുതിയതല്ലെന്ന് അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. രക്ഷാപ്രവർത്തനമെന്നു പറഞ്ഞു തല്ലിച്ചതച്ച എം.ഡി. തോമസ് ഇന്നു നിയമസഭയിലിരിക്കുന്പോൾ അന്നു തല്ലിയ ഗണ്മാന്മാർ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്ന് അബിൻ പ്രതിപക്ഷത്തോടു പറഞ്ഞു.
ഇടതുപക്ഷം തകരരുത് എന്നു ഭരണപക്ഷത്തെ കോണ്ഗ്രസുകാരെല്ലാം ആവർത്തിച്ചു പറയുന്പോൾ ആര്യാടൻ ഷൗക്കത്ത് ചരിത്രം തപ്പിപ്പോകുകയായിരുന്നു. ബ്രിട്ടീഷുകാരെ പിന്തുണച്ച് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടന്റെ ആഭ്യന്തരവകുപ്പു മേധാവി റെജിനാൾഡ് മാക്മില്യന് അയച്ച കത്ത് ഉയർത്തിക്കാട്ടി ആയിരുന്നു ആര്യാടന്റെ ആക്രമണം. പ്രതിപക്ഷം ബഹളം കൂട്ടി എഴുന്നേറ്റെങ്കിലും പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. ആര്യാടൻ കൊണ്ടു വന്ന രേഖ ശങ്കരാടിയുടെ രേഖ പോലെ എന്നു കെ.വി. സുമേഷ് വിശേഷിപ്പിച്ചു.
ആര്യാടന്റെ പരാമർശം രേഖകളിൽ നിന്നു നീക്കണമെന്നു സുമേഷ് ശാഠ്യം പിടിച്ചെങ്കിലും ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അതിനു വഴങ്ങിയില്ല. ഷൗക്കത്തിന്റെ പിതാവ് പണ്ടു തങ്ങളുടെ കൂടെ വന്നു മന്ത്രിയായിട്ടുണ്ടെന്നും ലീഗിനെതിരേ ധാരാളം പറഞ്ഞിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു കൊണ്ട് സിപിഎമ്മിലെ പി. മമ്മിക്കുട്ടി പകരം വീട്ടി.
ജെൻ സി തലമുറയുടെ തൂക്കി സർക്കാർ എന്നു പറഞ്ഞ വിഷ്ണു മോഹൻ, ജനങ്ങൾ വിചാരിച്ചാൽ തകർക്കാൻ പറ്റാത്ത ഒരു കോട്ടയുമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതായി പറഞ്ഞു. പൂക്കി സർക്കാർ, പൂക്കി മുഖ്യമന്ത്രി എന്നു പറഞ്ഞ അബിൻ വർക്കി പൂക്കിയുടെ അർഥവും പറഞ്ഞു തന്നു: സ്നേഹനിധിയായ കൂട്ടുകാരൻ. ഒന്നു ചിരിച്ചാൽ ദന്തഗോപുരങ്ങൾ തകരുകയില്ലെന്നും അബിൻ വർക്കി പ്രതിപക്ഷത്തോട്ടു നോക്കി പറഞ്ഞു.
ജനപിന്തുണ തിരിച്ചുപിടിക്കാൻ സിപിഎം ശ്രമം നടത്തിയില്ലെങ്കിൽ വർഗീയ ശക്തികൾ കടന്നുവരുമെന്ന വലിയ അപകടമാണു കേരളത്തെ കാത്തിരിക്കുന്നതെന്നു വി.ടി. ബൽറാം പറഞ്ഞു. ഭരണപക്ഷത്തുനിന്നുകൊണ്ട് നിങ്ങൾ തകരരുത് എന്നു പ്രതിപക്ഷത്തോടു പറയേണ്ട ഗതികേടിലാണു തങ്ങളെന്ന് കെ. ജയന്ത് പറഞ്ഞു.
സിപിഎമ്മുകാർ കള്ളവോട്ട് ചെയ്യാൻ ഏൽപിച്ചവർ കൂടി തങ്ങൾക്കു വോട്ട് ചെയ്തെന്നു നജീബ് കാന്തപുരം പറഞ്ഞു. സിപിഎമ്മുകാർ നടത്തിയ വർഗീയ കളിയിലെ രോഷം പ്രകടിപ്പിക്കുകയായിരുന്നു ടി.പി. അഷ്റഫ് അലിയും കുറുക്കോളി മൊയ്തീനും.
ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നു പറഞ്ഞ സിപിഎമ്മിലെ പി.എ. മുഹമ്മദ് റിയാസ്, മതനിരപേക്ഷതയ്ക്കു വേണ്ടിയാണെങ്കിൽ പൂർണസഹകരണം ഉണ്ടാകുമെന്നും വാഗ്ദാനം ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം മുഴുവൻ പാടിയത് നയപ്രഖ്യാപനമായപ്പോൾ പഴയ രീതിയിലായതിനു പിന്നിൽ തങ്ങൾ തിരുത്തൽശക്തിയായി എന്ന അവകാശവാദവും റിയാസ് മുന്നോട്ടു വച്ചു.
ലോക്ഭവനെ ഏറ്റവും സന്തോഷിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്തവണത്തേത് എന്നു കെ. രാജൻ പറഞ്ഞു. ഗവർണർക്കു വായിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാക്കുപോലും ഉണ്ടാകരുതെന്ന നിർബന്ധമുള്ളതു പോലെയാണു തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യുഡിഎഫിനു ഡീൽ ഉണ്ടായിരുന്നു എന്നു കെ.യു. ജനീഷ്കുമാർ നേമത്തിന്റെയും ചാത്തന്നൂരിന്റെയും ഉദാഹരണം കാട്ടി പറഞ്ഞപ്പോൾ മന്ത്രി കെ. മുരളീധരൻ ഇടപെട്ടു. ബിജെപി ജയിച്ചിടത്തെല്ലാം കോണ്ഗ്രസ് നാളുകളായി മൂന്നാം സ്ഥാനത്ത് ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിച്ചു മുന്നേറിയപ്പോൾ, തങ്ങൾക്കെതിരെ കേരളത്തിൽ ജനവികാരമുണ്ടായിരുന്നു എന്നു ജനീഷ്കുമാർ തുറന്നുപറഞ്ഞു.
ശബരിമല, സിഎംആർഎൽ വിഷയങ്ങളെല്ലാം കാണിക്കുന്നത് കേരളത്തിൽ ഇരുകൂട്ടരും ഒന്നാണെന്നാണെന്നു ബിജെപിയുടെ ബി.ബി. ഗോപകുമാർ പറഞ്ഞു.